കോവിഡ് പരിശോധന ഒഴിവാക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൂട്ടയോട്ടം! (വിഡിയോ)

കോവിഡ് പരിശോധന ഒഴിവാക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൂട്ടയോട്ടം! (വിഡിയോ)
ബുക്‌സറില്‍ കോവിഡ് പരിശോധന ഒഴിവാക്കാന്‍ ഓടി പുറത്തേക്കു പോവുന്നവര്‍/വിഡിയോ ദൃശ്യം
ബുക്‌സറില്‍ കോവിഡ് പരിശോധന ഒഴിവാക്കാന്‍ ഓടി പുറത്തേക്കു പോവുന്നവര്‍/വിഡിയോ ദൃശ്യം

ബുക്‌സര്‍ (ബിഹാര്‍): മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റത്തൊഴിലാളികളുടെ മടങ്ങിവരവ് ശക്തമാണ്. ട്രെയിനുകളില്‍ വന്‍ തിരക്കാണ് സമീപ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. തൊഴില്‍ തേടി പോയവര്‍ വ്യാപകമായി മടങ്ങിവരാന്‍ തുടങ്ങിയതോടെ ബിഹാറില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ കോവിഡ് പരിശോധന ഏര്‍പ്പെടുത്തിയത് അടുത്തിടെയാണ്. എന്നാല്‍ മടങ്ങിയെത്തുന്നവര്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറിലെ ബുക്‌സര്‍ സ്‌റ്റേഷനില്‍ വന്നിറങ്ങിയ തൊഴിലാളികള്‍ കോവിഡ് പരിശോധന ഒഴിവാക്കാന്‍ തിരക്കിട്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൊഴിലാളികളോട് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരാളു പോലും ഇതു ശ്രദ്ധിക്കാതെ തിരിക്കിട്ടു പുറത്തേക്കു പോവുന്നതാണ് ദൃശ്യങ്ങളില്‍.

പരിശോധനയോട് ആളുകള്‍ വിമുഖത പ്രകടപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂട്ടമായാണ് തൊഴിലാളികള്‍ മടങ്ങിയെത്തുന്നത്. അതുകൊണ്ടുതന്നെ നിര്‍ബന്ധപൂര്‍വം പരിശോധന നടത്തുക  പ്രായോഗികമല്ല. അതിനുള്ള സുരക്ഷാ സംവിധാനവും സ്‌റ്റേഷനില്‍ ഇല്ലെന്ന് അവര്‍ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ വന്‍ നഗരങ്ങളില്‍നിന്നാണ് തൊഴിലാളികള്‍ മടങ്ങുന്നത്. അതുകൊണ്ടുതന്നെ പരിശോധന ഇല്ലാതെ ഇവര്‍ വീടുകളിലേക്കു മടങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക ഉയര്‍ന്നിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com