ആശുപത്രിയിൽ തീപിടുത്തം, ഛത്തീസ്ഗഡിൽ അഞ്ച് കോവിഡ് രോ​ഗികൾ വെന്തുമരിച്ചു; ദാരുണം 

അപകടത്തെ തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

റായ്പൂർ: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് മരണം. ഇന്നലെ വൈകിട്ടാണ് രാജധാനി ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. കോവിഡ് രോഗികളെയടക്കം ചികിത്സിക്കുന്ന ആശുപത്രിയുടെ ഐസിയുവിലാണ് തീപടർന്നതെന്നാണ് റിപ്പോർട്ട്. 

രണ്ട് നിലകളുള്ള ആശുപത്രിയുടെ മുകൾനിലയിലാണ് ആദ്യം തീ പടർന്നത്. ഈ സമയത്ത് ആശുപത്രിയിൽ 34 രോഗികളാണ് ഉണ്ടായിരുന്നത്. ഇതിൽ 9 പേർ ഐസിയുവിലായിരുന്നു. ഐസിയുവിൽ നിന്ന് തീ പടരുന്നതു കണ്ട സൂപ്പർവൈസർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി. മരിച്ച അഞ്ച് പേരും കോവിഡ് രോഗികളാണെന്നും 29 കോവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റിയെന്നുമാണ് വിവരം. 

തീപിടുത്തത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് അഡീഷണൽ എസ് പി തർകേശ്വർ പട്ടേൽ പറഞ്ഞു. സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അനുശോചനം അറയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com