വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണം നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ 

വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ഓക്‌സിജന്‍ സിലിണ്ടര്‍
ഓക്‌സിജന്‍ സിലിണ്ടര്‍

ന്യൂഡല്‍ഹി: വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രാജ്യം രണ്ടാം കോവിഡ് തരംഗത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഡ്, തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവ്യാപനം നടക്കുന്നത്. മഹാമാരിക്ക് മുന്‍പ് ശരാശരി 1200 ടണ്ണായിരുന്നു ഓക്‌സിജന്‍ ആവശ്യകത. ഏപ്രില്‍ 15ന് ഇത് 4795 ടണ്ണായി ഉയര്‍ന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

ഫാര്‍മ, പെട്രോളിയം റിഫൈനറീസ് ഉള്‍പ്പെടെ ഒന്‍പത് വ്യവസായങ്ങള്‍ ഒഴികെയുള്ള മറ്റു മേഖലകളില്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വ്യാഴാഴ്ച മുതലാണ് നിരോധനമെന്ന് പീയുഷ് ഗോയല്‍ അറിയിച്ചു. സംസ്ഥാനങ്ങളുടെ അടിയന്തര ആവശ്യം കണക്കിലെടുത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതിന് പ്രത്യേകമായി ട്രെയിനുകള്‍ ഓടിക്കും. ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ ഗ്രീന്‍ ഇടനാഴി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയവും ഇല്ല. യാതൊരുവിധ വിവേചനവുമില്ലാതെയാണ് കോവിഡിനെതിരെ കേന്ദ്രം പോരാടുന്നത്. കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളുടെ കൂടെ കേന്ദ്രം എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com