പ്രാണവായുവിനായി പിടഞ്ഞ് ഉത്തരേന്ത്യ; ഓക്‌സിജന്‍ ക്ഷാമം രൂക്ഷം, ആശുപത്രികള്‍ രോഗികളെ ഒഴിവാക്കുന്നു

ഡല്‍ഹിയിലും പഞ്ചാബിലുമായി ഓക്‌സിജന്റെ കുറവു മൂലം 26 പേരാണ് ആശുപത്രികളില്‍ മരിച്ചത്
1. ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികളെ പ്രവേശിപ്പിക്കില്ലെന്ന ആശുപത്രിയുടെ അറിയിപ്പ്/ട്വിറ്റര്‍ 2. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരുന്നവര്‍/പിടിഐ
1. ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികളെ പ്രവേശിപ്പിക്കില്ലെന്ന ആശുപത്രിയുടെ അറിയിപ്പ്/ട്വിറ്റര്‍ 2. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരുന്നവര്‍/പിടിഐ

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞുവീശിയതോടെ ഉത്തരേന്ത്യയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം. അനുദിനം ഏറുന്ന രോഗികള്‍ക്ക് പ്രാണവായു നല്‍കാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ് ആശുപത്രികള്‍. മെഡിക്കല്‍ ഓക്‌സിജന്റെ കുറവിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു നിര്‍ത്തി. 

ഓക്‌സിജന്‍ ആവശ്യത്തിനു ലഭിക്കാത്തതിനാല്‍ രോഗികളെ പ്രവേശിപ്പിക്കില്ലെന്നും നിലവില്‍ ഉള്ളവരെ ഡിസ്ചാര്‍ജ് ചെയ്യേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഓക്‌സിജനു കടുത്ത ക്ഷാമാണെന്നും ഇത് എപ്പോള്‍ പരിഹരിക്കുമെന്ന് അറിയില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരിടത്തുനിന്നും ഒരു സഹായവും ലഭിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 

ഡല്‍ഹിയിലും പഞ്ചാബിലുമായി ഓക്‌സിജന്റെ കുറവു മൂലം 26 പേരാണ് ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ആശുപത്രികളില്‍ മരിച്ചത്.  ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഇരുപതു പേരും അമൃത്സറിലെ നീല്‍കാന്ത് ആശുപത്രിയില്‍ ആറു പേരുമാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഉണ്ടായ ദുരന്തത്തിനു ശേഷം അധികൃതര്‍ ജാഗ്രത തുടരുന്നതിനിടെയാണ്, ഡല്‍ഹിയില്‍നിന്നു വീണ്ടും നടുക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ഇരുപതു പേര്‍ മരിച്ചതായും ഇരുന്നൂറു പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ഓക്‌സിജന്‍ ശേഷിക്കുന്നതെന്നും ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരാണ് ഓക്‌സിജന്‍ കിട്ടാതെ പടഞ്ഞുമരിച്ചത്. ഇതിനു പിന്നാലെ ഓക്‌സിജന്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളെടുത്തിരുന്നു.

അമൃത്സറിലെ നീല്‍കാന്ത് ആശുപത്രിയില്‍ ആറു പേരാണ് ഇന്നു രാവിലെ പ്രാണവായുവില്ലാതെ പിടഞ്ഞുമരിച്ചത്. ഓക്‌സിജന്‍ ഇല്ലാതെയാണ് മരണം സംഭവിച്ചതെന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു. ഓക്‌സിജന്‍ ആവശ്യത്തിന് ഇല്ലെന്ന് ഇന്നലെ രാത്രി  തന്നെ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. സര്‍ക്കാരില്‍നിന്നു വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നും പകരം സംവിധാനത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്. 

ഓക്‌സിജന്‍ തീരുകയാണെന്ന് പലവട്ടം ജില്ലാ അധികൃതരെ വിളിച്ചു പറഞ്ഞെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൊടുത്ത ശേഷമേ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കൂ എന്നാണ് ജില്ലാ അധികൃതര്‍ അറിയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഡല്‍ഹിയില്‍ ഇന്നലെ രാത്രി ഓക്‌സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com