ഓക്‌സിജന്‍ നീക്കത്തെ തടസ്സപ്പെടുത്തുന്നവരെ 'തൂക്കിക്കൊല്ലും'; നിലപാടു കടുപ്പിച്ച് കോടതി

480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യ സംവിധാനം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍
ആശുപത്രിയില്‍ കഴിയുന്ന രോഗിക്കു ഓക്‌സിജനുമായി എത്തുന്ന ബന്ധു/പിടിഐ
ആശുപത്രിയില്‍ കഴിയുന്ന രോഗിക്കു ഓക്‌സിജനുമായി എത്തുന്ന ബന്ധു/പിടിഐ

ന്യൂഡല്‍ഹി: ഓക്‌സിജന്‍ നീക്കത്തെ തടസ്സപ്പെടുത്തുന്നത് ആരായാലും തൂക്കിലിടുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാജാ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതിയുടെ പരാമര്‍ശം.

''ഓക്‌സിജന്‍ നീക്കത്തെ തടസപ്പെടുത്തുന്നത് ആരായാലും വെറുതെ വിടില്ല. കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ പ്രാദേശിക ഭരണകൂടത്തിലെയോ ഏത് ഉദ്യോഗസ്ഥരായാലും ഓക്‌സിജന്‍ നീക്കത്തെ തടസ്സപ്പെടുത്തിയാല്‍ തൂക്കിലിടും.''- ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖാ പാലി എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. 

480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യ സംവിധാനം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ഓക്‌സിജന്‍ എപ്പോള്‍ എത്തിക്കാനാവുമെന്ന് അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിരവധി പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരും ഇന്നലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഇരുപതു പേരുമാണ് പ്രാണവായുവില്ലാതെ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com