45 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രം; കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് വിവാദത്തില്‍ 

18 നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് മെയ് ഒന്നിന് ആരംഭിക്കുകയാണ്
അടുത്ത ഘട്ട വാക്‌സിനേഷനുമായി ബന്ധപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്
അടുത്ത ഘട്ട വാക്‌സിനേഷനുമായി ബന്ധപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ, അടുത്ത ഘട്ടം വാക്‌സിനേഷന്‍ ദൗത്യത്തില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണമായി ഒഴിവാക്കാന്‍ നീക്കം നടക്കുന്നു എന്ന ആരോപണം ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിവാദ അറിയിപ്പ്. 18 നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് മെയ് ഒന്നിന് ആരംഭിക്കുകയാണ്. ഇതിന്റെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28ന് ആരംഭിക്കും എന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച അറിയിപ്പാണ് വിവാദമാകുന്നത്. വാക്‌സിനേഷന്‍ ദൗത്യത്തില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രികളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഈ അറിയിപ്പെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആരോപണം.

18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവരുടെ വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28 മുതലാണ് ആരംഭിക്കുന്നത്. കോവിന്‍ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍. അതായത് നേരിട്ട് കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ പോയി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയത്. ഇതിന്റെ ചുവടുപിടിച്ച് പുറത്തിറക്കിയ അറിയിപ്പിലാണ് 18 മുതല്‍ 45 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് സ്വകാര്യവാക്‌സിന്‍ കേന്ദ്രങ്ങള്‍ വഴി മാത്രമാണെന്ന് വ്യക്തമാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് മുഖ്യമായി വാക്‌സിന്‍ വിതരണം നടക്കുന്നത്.

കഴിഞ്ഞദിവസം പ്രമുഖ മരുന്ന് കമ്പനികളായ സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും വാക്‌സിന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കോവാക്‌സിനു കോവിഷീല്‍ഡിനെക്കാള്‍ ഉയര്‍ന്ന വിലയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഡോസ് ഒന്നിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയും ആയിരിക്കും വിലയെന്ന് ഉല്‍പാദകരായ ഭാരത് ബയോടെക് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനു തുടര്‍ന്നും 150 രൂപയ്ക്കു ലഭിക്കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്കു നാലിരട്ടി വില. 1125- 1500 രൂപയ്ക്കായിരിക്കും കയറ്റുമതി. 

150 രൂപയ്ക്കു കേന്ദ്രത്തിനു ലഭിക്കുന്ന കോവിഷീല്‍ഡിന്റെ വില സംസ്ഥാനങ്ങള്‍ക്കു 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ്. വില നിര്‍ണയാധികാരം കമ്പനികള്‍ക്കു നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സീന്‍ നയം വിവാദമായിരിക്കെയാണ് ഇരു കമ്പനികളും വില പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com