കോവിഡ് വാക്‌സിനുകളുടെ വില കുറയ്ക്കണം; കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ 

പ്രമുഖ മരുന്ന് കമ്പനികളായ സെറം ഇന്‍സ്റ്റിറ്റിയൂട്ടിനോടും ഭാരത് ബയോടെക്കിനോടും കോവിഡ് വാക്‌സിന്റെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് കമ്പനികളായ സെറം ഇന്‍സ്റ്റിറ്റിയൂട്ടിനോടും ഭാരത് ബയോടെക്കിനോടും കോവിഡ് വാക്‌സിന്റെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പൊതുവിപണിയില്‍ ഉയര്‍ന്ന വില നിശ്ചയിച്ചതില്‍ കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇരു മരുന്ന് കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കത്തയച്ചതായാണ് വിവരം.വാക്‌സിന് കൂടിയ വില നിശ്ചയിച്ചത് ചോദ്യം ചെയ്ത് വിവിധ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു.

മെയ് ഒന്നുമുതലാണ് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഈ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ സൗജന്യമായിരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ്  സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും പൊതുവിപണിയില്‍ വില്‍ക്കേണ്ട വാക്‌സിനുകളുടെ നിരക്ക് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡിന് സര്‍ക്കാര്‍ തലത്തില്‍ 400 രൂപയാണ് ഈടാക്കുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന്് ഡോസിന് 600 രൂപ ഈടാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് സര്‍ക്കാര്‍ തലത്തില്‍ ഡോസിന് 600 രൂപയാണ് വില. സ്വകാര്യ ആശുപത്രികളില്‍ 1200 രൂപയ്ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഷീല്‍ഡിന് പൊതുവിപണിയില്‍ ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത് എന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തതോടെ വികസിപ്പെടുത്ത കോവാക്‌സിന് കോവിഷീല്‍ഡിനേക്കാള്‍ വില നിശ്ചയിച്ചതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

പുതിയ വാക്‌സിന്‍ നയം അനുസരിച്ച് പകുതി കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാരിന് ഡോസിന് 150 രൂപയ്ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഈ പശ്ചാത്തലത്തില്‍ പൊതുവിപണിയില്‍ വാക്‌സിന്റെ ഉയര്‍ന്ന വില വര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ്, കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. വാക്‌സിന്റെ വില കുറയ്ക്കാന്‍ ഇരു കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com