കോവിഡ് വ്യാപനം: ബിവറേജസ് വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. നേരത്തെ ബാറുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകളും ബാറുകളും ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്,  വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈനിലാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം  കഴിയാവുന്നത്ര പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com