രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും; കടുത്ത നിയന്ത്രണങ്ങളുമായി പഞ്ചാബ്

വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെയാണു കര്‍ഫ്യു. വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെയാണു വാരാന്ത്യ ലോക്ഡൗണ്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചണ്ഡീഗഡ്:  സംസ്ഥാനത്തു കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെയാണു കര്‍ഫ്യു. വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെയാണു വാരാന്ത്യ ലോക്ഡൗണ്‍.

നിയന്ത്രണങ്ങളോടു ജനം സഹകരിക്കണമെന്നു മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. എല്ലാവരും വീട്ടില്‍ തന്നെ തുടരണം. അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തു പോകാവൂയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. 

കേസുകളുടെ വര്‍ധന കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും അതിഥി തൊഴിലാളികളെ ബാധിക്കുന്നതും കണക്കിലെടുത്തു സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല. കേസുകളുടെ വര്‍ധന കാരണം ഗുരുതരമായ രോഗികള്‍ക്കു കിടക്കകള്‍, മരുന്നുകള്‍, ഓക്‌സിജന്‍ എന്നിവ കണ്ടെത്താന്‍ ആശുപത്രികള്‍ കഷ്ടപ്പെടുകയാണ്. ഓക്‌സിജന്‍ വിതരണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് അമരീന്ദര്‍ സിങ് പറഞ്ഞു.

പഞ്ചാബില്‍ ഇന്ന് 6980 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 76 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ അമ്പതിനായിരത്തിന് അടുത്ത് രോഗികള്‍ പഞ്ചാബില്‍ ചികിത്സയിലുണ്ട്. പഞ്ചാബിലെ ലുധിയാനയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com