വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനം വിലക്കി തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ്

കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. അടുത്ത ഞായറാഴ്ചയാണ് വോട്ടെണ്ണല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസവും ശേഷവുമുള്ള എല്ലാ ആഹ്ലാദപ്രകടനങ്ങളും വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. അടുത്ത ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. വിജയിച്ച സ്ഥാനാര്‍ഥി റിട്ടേണിങ് ഓഫിസറില്‍നിന്ന് സാക്ഷ്യപത്രം സ്വീകരിക്കാനെത്തുമ്പോള്‍ രണ്ടു പേര്‍ക്കു മാത്രമായിരിക്കും ഒപ്പം എത്താന്‍ അനുമതിയെന്ന് കമ്മിഷന്‍ ഉത്തരവില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിക്കാതെ കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി കമ്മഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ടാം തരംഗം തീവ്രമായതിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജി അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. 

' നിങ്ങളാണ് കോവിഡിന്റെ രണ്ടാം തരംഗത്തിന് ഏക കാരണക്കാര്‍. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണം', ഹൈക്കോടതി പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നെന്ന കമ്മീഷന്റെ വിശദീകരണത്തിന് റാലികള്‍ അരങ്ങേറിയപ്പോള്‍ അന്യഗ്രഹത്തിലായിരുന്നോ എന്നായിരുന്നു മറുചോദ്യം.

മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിന് കൃത്യമായ പദ്ധിതി തയ്യാറാക്കിയില്ലെങ്കില്‍ അത് തടയുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പൊതുജനാരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ഭരണകര്‍ത്താക്കളെ തന്നെ ഇത് ഓര്‍മ്മിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com