പ്രതിസന്ധിയില്‍ അല്ലാതെ എപ്പോഴാണ് ഇടപെടുന്നത്?; കോവിഡ് വാക്‌സിന്‍ വിലയില്‍ കേന്ദ്രത്തോട് സുപ്രീംകോടതി

കോവിഡ് വാക്‌സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയില്‍ അല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. 

കമ്പനികള്‍ വാക്‌സിന് പലവിലയാണ് ഈടാക്കുന്നത് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി നേരിടുന്നതിലെ പാളിച്ചകളെപ്പറ്റി സ്വമേധയ എടുത്ത കേസിലാണ് സുപ്രീംകോടതി നിരീക്ഷണം. 

ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും വിതരണം, വാക്‌സിന്‍ നടപടികള്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. ഏപ്രില്‍ 30ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

രാജ്യം പ്രതിസന്ധി നേരിടുന്ന സമയങ്ങളില്‍ സുപ്രീംകോടതിക്ക് നിശബ്ദ കാഴ്ചക്കാരാകാന്‍ സാധിക്കുകയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. നിലവില്‍ 11 ഹൈക്കോടതികളില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നുണ്ട്. ഹൈക്കോടതികളുടെ പരിഗണനയിലുള്ള വിഷത്തില്‍ സുപ്രീംകോടതി കടന്നുകയറുകയല്ലെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപന വിഷയങ്ങളില്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

ഏപ്രില്‍ 23നാണ് മുന്‍ ചീഫ് ജസ്റ്റിസ് എസ് എ  ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വമേധയാ കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com