കോവിഡിന്റെ പിടിയില്‍ രാജ്യം; വീണ്ടും മൂന്നര ലക്ഷം കടന്ന് പ്രതിദിന രോഗികള്‍, മൂവായിരത്തിലേറെ മരണം

ഇതുവരെ 14,78,27,367 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,60,960 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 3293 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. 2,61,162 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെ രാജ്യത്ത് ആകെ 1,79,97,267 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.48,17,371 പേര്‍ രോഗമുക്തി നേടി. 29,78,709 ആണ് ആക്ടിവ് കേസുകള്‍. ഇതുവരെ 2,01,187 പേര്‍ കോവിഡ് മൂലം മരിച്ചു.

ഇതുവരെ 14,78,27,367 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ, കോവിഡ് വ്യാപനം അനിയന്ത്രിത ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വൈറസ് വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണ് പല സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോ?ഗ്യ മന്ത്രാലയം പറയുന്നത്.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ്ആരോഗ്യ മന്ത്രാലയം ലോക്ക്ഡൗണ്‍ നടപടികള്‍ ശുപാര്‍ശ ചെയ്തത്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടിവരയിടുന്നുണ്ട്.

അടുത്ത കുറച്ച് ആഴ്ചകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ അനിവാര്യമാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com