സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി, യുപി സര്‍ക്കാരിന് തിരിച്ചടി

യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയവെ കോവിഡ് ബാധിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് മാറ്റാണമെന്ന് സുപ്രീംകോടതി ഉത്തരവ്
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയവെ കോവിഡ് ബാധിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് മാറ്റാണമെന്ന് സുപ്രീംകോടതി ഉത്തരവ്. യുപി സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് കോടതി നടപടി. ഡല്‍ഹി എയിംസിലേക്കോ ആര്‍എംഎല്‍ ആശുപത്രിയിലേക്കോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രികയിലേക്കോ മാറ്റണമെന്നാണ് കോടതി ഉത്തരവ്. ചികിത്സയ്ക്ക് ശേഷം കാപ്പനെ ജയിലിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. 

യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സിദ്ദിഖ് കാപ്പന് കോവിഡ് നെഗറ്റീവ് ആയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ്  എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. 

ചികിത്സയ്ക്ക് ശേഷം, ജാമ്യത്തിന് വേണ്ടി സിദ്ദിഖ് കാപ്പന് കേസ് നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. 

20ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മഥുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ കോവിഡ് മുക്തനായ കാപ്പനെ ജയിലിലേക്കു മാറ്റിയെന്നാണ് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 

കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു.

ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com