പാവപ്പെട്ടവര്‍ ആശുപത്രികളുടെ കരുണയ്ക്കു കാത്തുനില്‍ക്കണം എന്നാണോ?; എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി

കഴിഞ്ഞ എഴുപതു വര്‍ഷമായി നമ്മള്‍ ഉണ്ടാക്കിയെടുത്ത ആരോഗ്യ സംവിധാനങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് കോടതി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം


‌ന്യൂഡല്‍ഹി: എല്ലാ പൗരന്മാക്കും കോവിഡ് വാക്‌സിന്‍ കിട്ടുമെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പ്രതിരോധ പരിപാടി നടപ്പാക്കണമെന്ന് സുപ്രീം കോടതി. വാക്‌സിന്‍ വിതരണത്തില്‍ സ്വകാര്യ കമ്പനികളെ കയറൂരി വിടരുതെന്നും, കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചു. 

എല്ലാവര്‍ക്കും വാക്‌സിന്‍  കിട്ടുമെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പരിപാടി നടപ്പാക്കണം. അല്ലാത്തപക്ഷം പാവപ്പെട്ടവര്‍ക്കു പണം നല്‍കി വാക്‌സീന്‍ സ്വീകരിക്കാന്‍ പറ്റാതാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ''അരികുവത്കരിക്കപ്പെട്ടവര്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും എന്തു സംഭവിക്കും? അവര്‍ സ്വകാര്യ ആശുപത്രികളുടെ കരുണയ്ക്കു കാത്തുനില്‍ക്കണം എന്നാണോ?'' കോടതി ചോദിച്ചു.

വാക്‌സിന്‍ വിതരണത്തില്‍ സ്വകാര്യ കമ്പനികളെ കയറൂരി വിടരുത്. ഏതു സംസ്ഥാനത്തിന് എത്ര വാക്‌സിന്‍ കിട്ടും എന്ന് അവര്‍ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവരുത്. 

ആരോഗ്യമേഖല അതിന്റെ പരിമിതിയില്‍ എത്തിയിരിക്കുകയാണ്. വിരമിച്ചവ ഡോക്ടര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും വീണ്ടും നിയമിച്ച് പ്രതിസന്ധി നേരിടണം. 

കോവിഡ് പ്രതിസന്ധിയില്‍ ഇന്റര്‍നെറ്റിലൂടെ സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്കു നേരെ പ്രതികാര നടപടിയുണ്ടാവരുത്. ഇത്തരം നടപടിയുണ്ടായാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന ഡിജിപിമാര്‍ക്ക് സുപ്രീം കോടതി മുന്നറിയിപ്പു നല്‍കി.

കോവിഡിന്റെ രണ്ടാം വരവ് ദേശീയതലത്തില്‍ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള ബെഞ്ച് അഭിപ്രായപ്പെട്ടു. ''വിവരങ്ങള്‍ സുഗമമായി പുറത്തുവരണം. പൗരന്മാരുടെ ശബ്ദം എല്ലാവരും കേള്‍ക്കണം.'' - കോടതി പറഞ്ഞു. ഓക്‌സിജന്‍, കിടക്ക, മറ്റു ചികിത്സാ സൗകര്യം എന്നിവ തേടി ഇന്റര്‍നെറ്റില്‍ സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാവുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടായാല്‍ അതു കോടതിയലക്ഷ്യമായി കണക്കാക്കും. 

ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലും ആശുപത്രികളില്‍ കിടക്ക കിട്ടുന്നില്ല. കഴിഞ്ഞ എഴുപതു വര്‍ഷമായി നമ്മള്‍ ഉണ്ടാക്കിയെടുത്ത ആരോഗ്യ സംവിധാനങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് കോടതി പറഞ്ഞു.

ഹോസ്റ്റലുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയവയെല്ലാം കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com