മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി, ചിതയില്‍ വച്ചതിന് ശേഷം 'ജീവന്‍'; 72കാരിയുമായി ആംബുലന്‍സ് ആശുപത്രിയിലേക്ക് തിരിച്ചുപാഞ്ഞു; ഒടുവില്‍ 

ഛത്തീസ്ഗഡില്‍ മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 72കാരിയുടെ മൃതദേഹം ചിതയില്‍ വെച്ചതിന് ശേഷം ജീവന്റെ തുടിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 72കാരിയുടെ മൃതദേഹം ചിതയില്‍ വെച്ചതിന് ശേഷം ജീവന്റെ തുടിപ്പ്. സംസ്‌കാരത്തിന് തൊട്ടുമുന്‍പ് ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നത് മുന്‍പ് 72 കാരി മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

റായ്പൂരിലെ ഭീം റാവു അംബേദ്ക്കര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 72 കാരി മരിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്‌കാരത്തിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ചിതയില്‍ മൃതദേഹം വെച്ച ശേഷമാണ് 72കാരിക്ക് ജീവനുള്ളതായി തിരിച്ചറിഞ്ഞത്. സംസ്‌കാരത്തിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് 72കാരി ജീവനോടെ ഇരിക്കുന്ന കാര്യം കണ്ടെത്തിയത്.

ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. അബോധാവസ്ഥയിലായ നിലയിലാണ് ലക്ഷ്മി ഭായിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവായിരുന്നു. ഇസിജി ഉള്‍പ്പെടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധ കുറവല്ലെന്നും ആശുപത്രിയിലെ തന്നെ ജീവനക്കാരിയായ ലക്ഷ്മി ഭായിയുടെ ചെറുമകള്‍ ഇതിനെല്ലാം സാക്ഷിയാണെന്നുമാണ് അധികൃതരുടെ ഭാക്ഷ്യം.

ശ്മശാനത്തില്‍ വച്ച് ലക്ഷ്മി ഭായിയുടെ ശരീരത്തില്‍ താപനില ഏറിയും കുറഞ്ഞും നില്‍ക്കുന്നത് അമ്പരപ്പിച്ചതായി ചെറുമകള്‍ നിധി പറയുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ഓക്‌സിജന്‍ ലെവല്‍ 85 വരെ ഉയര്‍ന്നു. രോഗിക്ക് ജീവനുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി നിധി ആരോപിക്കുന്നു. ആശുപത്രിയിലെ ഇസിജി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ ആരും തന്നെ സഹകരിച്ചില്ലെന്നും നിധി പറയുന്നു. ഡോക്ടര്‍മാര്‍ ശരിയായ രീതിയില്‍ നോക്കിയിരുന്നുവെങ്കില്‍ തന്റെ മുത്തശ്ശി ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് നിധി വിതുമ്പി കൊണ്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com