'മകന്റെ വിളി കേള്‍ക്കാന്‍ ഇനിയില്ല', വിഐപിക്ക് ഓക്‌സിജന്‍ നല്‍കാന്‍ പൊലീസുകാര്‍ സിലിണ്ടര്‍ ബലമായി കൊണ്ടുപോയി, അമ്മയ്ക്ക് ദാരുണാന്ത്യം (വീഡിയോ)

ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് മകന്‍ കേണപേക്ഷിച്ചിട്ടും പൊലീസുകാര്‍ കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് ദാരുണാന്ത്യം
പൊലീസുകാരോട് പിപിഇ കിറ്റ് ധരിച്ച് യാചിക്കുന്ന മകന്‍ വീഡിയോ ദൃശ്യം
പൊലീസുകാരോട് പിപിഇ കിറ്റ് ധരിച്ച് യാചിക്കുന്ന മകന്‍ വീഡിയോ ദൃശ്യം

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് മകന്‍ കേണപേക്ഷിച്ചിട്ടും പൊലീസുകാര്‍ കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് ദാരുണാന്ത്യം. വിഐപിക്ക് ഓക്‌സിജന്‍ നല്‍കുന്നതിന് വേണ്ടി സിലിണ്ടര്‍ എടുത്തു കൊണ്ടുപോയി രണ്ടുമണിക്കൂറിനിടെ കോവിഡ് ബാധിതയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മ മരിക്കുകയായിരുന്നു. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകുന്ന പൊലീസുകാരോട് യാചിക്കുന്ന മകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്.

ആഗ്രയിലാണ് സംഭവം. 17കാരനാണ് അമ്മയുടെ ജീവന് വേണ്ടി പൊലീസുകാരുടെ മുന്നില്‍ യാചിച്ചത്. 'എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്.'-എന്ന് മകന്‍ യാചിക്കുന്ന വീഡിയോയാണ് നൊമ്പരമായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെച്ചത്. വിഐപിക്ക് വേണ്ടിയാണ് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തു കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കയറ്റുന്നതിന് കാവല്‍നില്‍ക്കുന്ന പൊലീസുകാരോടാണ് കുട്ടി യാചനയുടെ സ്വരത്തില്‍ അപേക്ഷിച്ചത്. 'ദയവുചെയ്ത്  കൊണ്ടുപോകരുത്(ഓക്‌സിജന്‍ സിലിണ്ടര്‍). താന്‍ എവിടെനിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കും? അമ്മയെ തിരികെയെത്തിക്കുമെന്ന് വീട്ടുകാര്‍ക്ക് വാക്കുകൊടുത്തിട്ടാണ് താന്‍ ഇങ്ങോട്ടു വന്നത്'- പിപിഇ കിറ്റ് ധരിച്ച യുവാവ് മുട്ടുകുത്തിനിന്ന് പൊലീസുകാരോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

തുടക്കത്തില്‍ പൊലീസ് ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ കുറ്റകാരായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com