പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണം; നിയന്ത്രണങ്ങള്‍ മെയ് 31 വരെ നീട്ടി, കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

രാജ്യത്തെ രണ്ടാം കോവിഡ് തരംഗം പിടിച്ചുലയ്ക്കുമ്പോള്‍ കോവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാം കോവിഡ് തരംഗം പിടിച്ചുലയ്ക്കുമ്പോള്‍ കോവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഏപ്രില്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു നേരത്തേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ് അതിതീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള, ആശുപത്രി കിടക്കകള്‍ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടിവന്നിട്ടുള്ള പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് മെയ് 31 വരെ തുടരാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തിങ്കളാഴ്ച കത്തയച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോഴത്തെ നിര്‍ദേശം.

2005 ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇത് ഉള്‍പ്പെടുത്തി കൊണ്ടാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com