മണിപ്പുര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍; തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ പാര്‍ട്ടി മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 01:18 PM  |  

Last Updated: 01st August 2021 01:23 PM  |   A+A-   |  

Former Manipur Congress chief

ഫോട്ടോ: എഎൻഐ

 

ഇംഫാല്‍: മണിപ്പുര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു. മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഗോവിന്ദാസ് കൊന്തൗജമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഗോവിന്ദാസ് കൊന്തൗജത്തിന് അംഗത്വം നല്‍കി. മണിപ്പുരിലെ മുന്‍ മന്ത്രി കൂടിയാണ് ഗോവിന്ദാസ് കൊന്തൗജം. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ബിജെപി പ്രവേശനം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒരു മാസം മുന്‍പാണ് ഗോവിന്ദാസ് കൊന്തൗജം രാജി വച്ചത്. പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമിക അംഗ്വതവും ഗോവിന്ദാസ് രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അംഗത്വം ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മാറ്റം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ മണിപ്പുര്‍ സമാധാനപരമായാണ് മുന്നോട്ട് പോകുന്നതെന്ന് ബിരേന്‍ സിങ് പറഞ്ഞു. 'ഞാനും കോണ്‍ഗ്രസിലായിരുന്നു. പക്ഷേ ഡ്രൈവര്‍ ഉറങ്ങുകയാണെങ്കില്‍ വാഹനം എങ്ങനെ നീങ്ങും? അക്രമം, സമരം, ബന്ദ് എന്നിവ മണിപ്പുരില്‍ സ്ഥിരമായിരുന്നു.  എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതു മുതല്‍ കാര്യങ്ങള്‍ സമാധാനപരമായി' മണിപ്പുര്‍ മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ മന്ത്രി കൂടിയായ ഗോവിന്ദാസ് കൊന്തൗജം ബിഷ്ണപുരില്‍ നിന്ന് ആറ് തവണ എംഎല്‍എയായി വിജയിച്ചിട്ടുണ്ട്. 2020 ഡിസംബറിലാണ് അദ്ദേഹം മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റത്.