'ആര്‍- വാല്യു' ഉയരുന്നു, മുന്നറിയിപ്പുമായി എയിംസ് മേധാവി; കേരളത്തില്‍ കോവിഡ് വ്യാപനത്തിന് പിന്നില്‍ വകഭേദമോ? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 03:40 PM  |  

Last Updated: 01st August 2021 03:41 PM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട് 'ആര്‍- വാല്യു' ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് വ്യാപനം കണ്ടുവരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈറസിന്റെ പ്രത്യുത്പാദന സംഖ്യയുടെ സൂചകമാണ് ആര്‍- വാല്യൂ. രോഗബാധിതനായ ഒരാളില്‍ നിന്ന് എത്രപേര്‍ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

രാജ്യത്ത് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ മുന്നറിയിപ്പ്. കേരളത്തിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ആര്‍- വാലു .96ല്‍ നിന്ന് ഒന്നിലേക്ക് നീങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു. ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള അപകട സൂചനയാണ് ഇത് നല്‍കുന്നത്. കോവിഡ് കേസുകള്‍ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണം. പരിശോധന, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ചികിത്സ തുടങ്ങി അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.

ചിക്കന്‍പോക്‌സിന്റെ ആര്‍- വാല്യു എട്ടോ എട്ടിന് മുകളിലോ ആണ്. ഒരാളില്‍ നിന്ന് എട്ടുപേരിലേക്ക് രോഗം പകരാം എന്നാണ് ഈ കണക്ക് കാണിക്കുന്നത്. അതുപോലെ കൊറോണ വൈറസും അതിവേഗം പടരുന്ന ഒന്നാണ്. രണ്ടാം കോവിഡ് തരംഗത്തില്‍ കുടുംബത്തിലെ ഒരാള്‍ക്ക് വൈറസ് ബാധ ഉണ്ടായപ്പോള്‍ മറ്റു മുഴുവന്‍ അംഗങ്ങളെയും ബാധിച്ചതായി കണ്ടതാണ്. ചിക്കന്‍പോക്‌സ് സമാനമായ രീതിയിലാണ് ബാധിക്കുന്നത്. ഡെല്‍റ്റ വകഭേദം ഒരാളെ ബാധിച്ചാല്‍ കുടുംബം മുഴുവന്‍ അപകടത്തിലാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കേണ്ടതാണ്. തുടക്കത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു കേരളം. മികച്ച രീതിയിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിയിലാണ് കേരളത്തില്‍ കോവിഡ് വ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിശോധിക്കേണ്ടതാണ്. ഈ വ്യാപനത്തിന് പിന്നില്‍ വകഭേദം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായാണോ മുന്നോട്ടുപോകുന്നത് എന്നത് അടക്കമുള്ള വിഷയങ്ങളും വിലയിരുത്തേണ്ടതുണ്ടെന്നും എയിംസ് മേധാവി പറഞ്ഞു.