കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ, ഒക്ടോബറില്‍ ഉച്ചസ്ഥായിയില്‍, ജാഗ്രത: പഠന റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd August 2021 10:10 AM |
Last Updated: 02nd August 2021 10:10 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈ മാസം സംഭവിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ഒക്ടോബറില്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായില്‍ എത്തിയേക്കാമെന്നും ഐഐടി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ തുടരുകയാണ്. പ്രതിദിനം 20,000 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് മൂന്നാം തരംഗം ഈ മാസം തന്നെ സംഭവിച്ചേക്കാമെന്ന പ്രവചനം. ഒക്ടോബറില്‍ ഉച്ചസ്ഥായില്‍ എത്തിയേക്കുമെന്നാണ് ഐഐടിയിലെ പ്രൊഫസര്‍മാരായ മാത്തുകുമളി വിദ്യാസാഗറും മനീന്ദ്ര അഗര്‍വാളും നേതൃത്വം നല്‍കുന്ന ഗവേഷണ സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഒക്ടോബറില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ വരെ വരാം. പരമാവധി ഒന്നരലക്ഷം വരെ ഉയരാനും സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ പ്രതിദിനം 40,000നും 50,000നും ഇടയില്‍ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.