കാറ്റഗറി നിയന്ത്രണം ഗുണം ചെയ്തില്ല, രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍, ആര്‍ടി-പിസിആര്‍ പരിശോധന കൂട്ടണം: ആശങ്ക രേഖപ്പെടുത്തി കേന്ദ്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 05:40 PM  |  

Last Updated: 03rd August 2021 05:40 PM  |   A+A-   |  

covid cases in kerala

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 49.85 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്ത് വലിയ തോതിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അവസാനിച്ചിട്ടില്ല. കേരളത്തിലെ 10 ജില്ലകള്‍ ഉള്‍പ്പെടെ 18 ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ 47.5 ശതമാനവും ഈ 18 ജില്ലകളില്‍ നിന്നാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.ജൂണ്‍ ഒന്നിന് 279 ജില്ലകളില്‍ നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഇപ്പോള്‍ 57 ജില്ലകളിലേക്ക് താഴ്ന്നു. 222 ജില്ലകളില്‍ കോവിഡ് കേസുകള്‍ താഴ്ന്നതായും അദ്ദേഹം പറഞ്ഞു.

44 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കേരളം, മണിപ്പൂര്‍, മിസോറാം, നാഗാലന്‍ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് ഈ സ്ഥിതിവിശേഷം. കേരളത്തില്‍ കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് എ,ബി,സി,ഡി ആയി തിരിച്ചുള്ള നിയന്ത്രണം പ്രതീക്ഷിച്ച ഗുണം ചെയ്തില്ല. കേരളത്തില്‍ ആര്‍ടി പിസിആര്‍ പരിശോധന കൂട്ടണം. രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിച്ചാല്‍ പോരാ. വ്യാപനം കൂടിയ ക്ലസ്റ്ററുകളില്‍ പരിശോധന കൂട്ടണം. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷിക്കുന്നത് ശക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.