ലാപ്‌ടോപ്പില്‍ 61 നീലച്ചിത്രങ്ങള്‍ ; സ്റ്റോറേജില്‍ 51 വീഡിയോകള്‍ ; വാട്‌സ് ആപ്പ് ചാറ്റുകളും കണ്ടെടുത്തു; കുന്ദ്രക്കെതിരെ മുംബൈ പൊലീസ്

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ കുന്ദ്രയുടെ അറസ്റ്റ് അനിവാര്യമായിരുന്നു എന്ന് പൊലീസ്
രാജ് കുന്ദ്ര/ ട്വിറ്റര്‍ ചിത്രം
രാജ് കുന്ദ്ര/ ട്വിറ്റര്‍ ചിത്രം

മുംബൈ : നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രക്കെതിരെ തെളിവുകള്‍ നിരത്തി മുംബൈ പൊലീസ്. കുന്ദ്ര നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കവെയാണ് പൊലീസ് തെളിവുകള്‍ വിശദീകരിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ കുന്ദ്രയുടെ അറസ്റ്റ് അനിവാര്യമായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

കുന്ദ്രയുടെ  ലാപ്‌ടോപ്പില്‍നിന്ന് 61 അശ്ലീല വിഡിയോകള്‍, അശ്ലീല ചിത്രത്തിന്റെ തിരക്കഥ, ഡിജിറ്റല്‍ സ്‌റ്റോറേജില്‍ 51 അശ്ലീല വിഡിയോകള്‍ എന്നിവ കണ്ടെടുത്തു. കുന്ദ്ര തന്റെ ഐ ക്ലൗഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നെന്നും മുംബൈ പൊലീസ് പറഞ്ഞു. കേസിലെ മറ്റു കുറ്റാരോപിതരുമായി ചാറ്റ് ചെയ്തിതുന്ന വാട്‌സാപ് ഗ്രൂപ്പും കണ്ടെടുത്തു. 

അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന 'ഹോട്‌ഷോട്‌സ്' ആപ്പിന്റെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പവര്‍ പോയിന്റ് പ്രസന്റേഷനും കുന്ദ്രയുടെ ഫോണില്‍നിന്നു കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇതിനു പുറമേ കുന്ദ്രയുടെ ബ്രൗസിങ് ഹിസ്റ്ററി, ഇ-മെയിലുകള്‍ എന്നിവയും കണ്ടെടുത്ത സാഹചര്യത്തില്‍ അറസ്റ്റില്‍ അപാകതയില്ലെന്നു ജില്ലാ മജിസ്‌ട്രേറ്റ് വിധിച്ചതായും പൊലീസ് പറഞ്ഞു.

രണ്ട് ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് തന്നെ പറയുന്ന സാഹചര്യത്തില്‍ ഇതിലെ ദൃശ്യങ്ങള്‍ എങ്ങനെ ഡിലീറ്റ് ചെയ്യുമെന്ന് കുന്ദ്രയുടെ അഭിഭാഷകന്‍ ചോദിച്ചു. വീട്ടില്‍ പൊലീസ് പരിശോധന നടക്കുന്നതിനിടെ ലാപ്‌ടോപ്പിലെ ഡേറ്റ ഡിലീറ്റ് ചെയ്യുക എന്നതു നടക്കുന്ന കാര്യമല്ല. കേസ് ഡയറിയില്‍ പൊലീസിന് എന്തും എഴുതിച്ചേര്‍ക്കാമെന്നും കുന്ദ്രയുടെ അഭിഭാഷകന്‍ അബാദ് പോണ്ട വാദിച്ചു. 

കുറ്റാരോപിതര്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു നോക്കിനില്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിയില്ല. കുറ്റാരോപിതര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ അതും നോക്കിനില്‍ക്കാനാകില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിയമത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നാണ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com