ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ വയറ്റില്‍ 'മറ്റൊരു കുഞ്ഞ്'; അപൂര്‍വ്വ ശസ്ത്രക്രിയ, വിജയകരം 

 മുംബൈയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിന് നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ:  മുംബൈയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിന് നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം. ആണ്‍ കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയ ഭ്രൂണം നീക്കം ചെയ്തു. അഞ്ചുലക്ഷം കേസുകളില്‍ ഒന്നില്‍ മാത്രമാണ് അപൂര്‍വ്വമായി ഇത് സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രസവത്തിന് മുന്‍പ് അഞ്ചാം മാസം നടത്തിയ പരിശോധനയിലാണ് അസ്വാഭാവികമായി ചിലത് ശ്രദ്ധയില്‍പ്പെട്ടത്. മുഴയാണ് എന്നാണ് ആദ്യം കരുതിയത്. രണ്ടുമാസം കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോള്‍ അസ്വാഭാവികമായി കണ്ടെത്തിയത് മുഴ അല്ലെന്ന് തിരിച്ചറിഞ്ഞു. പരിശോധനയില്‍ ഭ്രൂണത്തിന് സമാനമായ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. എല്ലുകളും ആന്തരികാവയവങ്ങളും അടക്കം ഭ്രൂണത്തിന് സമാനമായ ശരീരഭാഗങ്ങലാണ് കണ്ടെത്തിയത്.

പ്രസവവുമായി മുന്നോട്ടുപോകുന്നതില്‍ പ്രശ്‌നം ഉണ്ടാവുമോ എന്ന് ദമ്പതികള്‍ ആശങ്കപ്പെട്ടു. എന്നാല്‍ പ്രസവവുമായി മുന്നോട്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു ഡോക്ടറുടെ ഉപദേശം. യാതൊരുവിധ സങ്കീര്‍ണതകളും ഇല്ലാതെയാണ് യുവതി പ്രസവിച്ചത്.

തുടര്‍ന്ന് വിവിധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മഹാലക്ഷ്മിയിലെ നാരായണ ഹെല്‍ത്ത്‌സ് എസ്ആര്‍സിസി കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. കുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പ്രധാനമായി നിര്‍ദേശിച്ചത്. കുഞ്ഞിന്റെ ഉദരത്തിന് മുകളിലാണ് ഭ്രൂണത്തിന് സമാനമായ ഭാഗം കണ്ടെത്തിയത്. ശസ്ത്രക്രിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com