എക്‌സ്പ്രസ് ഫോട്ടോ
എക്‌സ്പ്രസ് ഫോട്ടോ

'അവള്‍ക്ക് പകരമാകില്ല, എന്നാലും...'; പത്തുലക്ഷംരൂപ ധനസഹായം; ദലിത് പെണ്‍കുട്ടിയുടെ മരണത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ച് കെജരിവാള്‍

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം സംസ്‌കാരം നടത്തിയ സംഭവത്തില്‍ ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍


ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം സംസ്‌കാരം നടത്തിയ സംഭവത്തില്‍ ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംഭവത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

'അവള്‍ക്ക് പകരമായി ഒന്നുമാകില്ല, പക്ഷേ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസാഹം നല്‍കും. മജിസ്‌ട്രേറ്റുതല അന്വേഷണം പ്രഖ്യാപിക്കും. കുടുംബത്തിന് നിയമസഭഹായം ലഭ്യമാക്കും'- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. 'അവര്‍ക്ക് വേറൊന്നും വേണ്ട, നീതി മാത്രമാണ് വേണ്ടത്. അവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. അവരെ സഹായിക്കേണ്ടതുണ്ട്. അത് ഞങ്ങള്‍ ചെയ്യും. ഞാനവര്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് ഉറപ്പുനല്‍കി.'- രാഹുല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

'അവളുടെ മാതാപിതാക്കളുടെ കണ്ണീര്‍ പറയുന്നത് ഒന്നുമാത്രമാണ്. അവരുടെ മകള്‍ക്ക്, രാജ്യത്തിന്റെ മകള്‍ക്ക് നീതി വേണം. ഞാനവര്‍ക്കൊപ്പം പോരാടും'രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

സംസ്‌കാരം നടത്തിയ ശ്മശാനത്തിലെ പുരോഹിതന്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ നുണ പരിശോധയനക്ക് വിധേയമാക്കുമെന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്‍കിത് പ്രതാപ് സിങ് പറഞ്ഞു. 

ശ്മാശനത്തിലെ വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുമക്കവെ പെണ്‍കുട്ടി ഷോക്കേറ്റു മരിച്ചു എന്നാണ് പ്രതികള്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ വാട്ടര്‍ കൂളറില്‍ കറന്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പരിശോധന തുടരുകാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. അറുപത് ദിവസത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുമെന്നും കമ്മീണര്‍ വ്യക്തമാക്കി. 

ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ പുരാനാ നങ്കലിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്മശാനത്തിലെ കൂളറില്‍നിന്ന് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം 6 മണിയോടെ, ശ്മശാനത്തിലെ പുരോഹിതനായ രാധേഷ്യം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടി മരിച്ച വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറില്‍നിന്ന് വെള്ളമെടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വൈദ്യുതാഘാതമേറ്റതാണെന്നും പറഞ്ഞു.

പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ചുണ്ടുകള്‍ക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കുകടക്കാന്‍ ശ്രമിച്ചെങ്കിലും നാലുപേരും ചേര്‍ന്ന് തടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടന്‍ സംസ്‌കാരം നടത്തണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com