ആദ്യരാത്രി ടെറസില്‍ കാറ്റുകൊള്ളണമെന്ന് നവവധു ;  അന്വേഷിച്ചെത്തിയ ഭര്‍ത്താവ് ഞെട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 08:41 AM  |  

Last Updated: 04th August 2021 08:44 AM  |   A+A-   |  

Wedding

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍ : ആദ്യരാത്രി വീടിന്റെ ടെറസിലൂടെ ചാടി നവവധു ഭര്‍തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ടു. പരാതിയുമായി വരന്‍ സോനു ജെയിന്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം. 

വിവാഹം കഴിക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചെങ്കിലും സോനു ജെയിനിന് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയോര്‍ സ്വദേശിയായ ഉദല്‍ ഘടികിനെ സോനു പരിചയപ്പെട്ടു. അനുയോജ്യയായ വധുവിനെ കണ്ടെത്തി സോനുവിന്റെ വിവാഹം നടത്തുമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു.

വിവാഹ നടത്തിപ്പിനായി ഒരു ലക്ഷം രൂപയോളം നല്‍കണമെന്നും പറഞ്ഞു. ഉദല്‍ ഘടിക് ആവശ്യപ്പെട്ട പ്രകാരം 90000 രൂപ സോനു ജെയിന്‍ നല്‍കി. തുടര്‍ന്ന് അനിത രത്‌നാകര്‍ എന്നു പേരായ യുവതിയുമായി സോനു ജെയിനിന്റെ വിവാഹം നടന്നു. വിവാഹദിവസം രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അല്‍പനേരം ടെറസില്‍ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും സോനുവിനോട് അനിത ആവശ്യപ്പെട്ടു.

തുടര്‍ന്ന് ടെറസിലെത്തിയ അനിത അതുവഴി ചാടി രക്ഷപ്പെടുകയായിരുന്നു എന്ന് സോനു പറയുന്നു. വിവാഹത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യമായതോടെ സോനു ജെയിന്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹതട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നവവധു ഉള്‍പ്പെടെ കേസില്‍ പ്രതികളായ മുഴുവന്‍പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.