പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ശരിയെങ്കില്‍ ഗുരുതര വിഷയം: സുപ്രീം കോടതി

കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്. ഫോണ്‍ ചോര്‍ത്തിയതില്‍ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും കോടതി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ശരിയെങ്കില്‍ ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി. കേസില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജികളുടെ പ്രതി കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. 

ആരോപണം ഗുരുതരമെങ്കില്‍ ഗൗരവമേറിയതെന്ന്, ഹര്‍ജി പരിഗണിക്കുന്നതിന് ആമുഖമായിത്തന്നെ ബെഞ്ച് പറഞ്ഞു. 2019ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് ചീഫ് ജസ്റ്റിസ്, ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനോട് ആരാഞ്ഞു. അന്നുതന്നെ ഐടി ആക്ട് പ്രകാരം കേസ് നല്‍കാമായിരുന്നിട്ടും എന്തുകൊണ്ട് അങ്ങനെയൊരു നടപടി ഉണ്ടായില്ലെന്നു കോടതി ചോദിച്ചു. 

ഇപ്പോള്‍ മാത്രമാണ് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. സര്‍ക്കാരിന് മാത്രമാണ് കമ്പനി സോഫ്റ്റ് വെയര്‍ നല്‍കുന്നത്. വിവരങ്ങള്‍ ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒയ്ക്ക് കൈമാറി. ഇത് ഗുരുതരമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കേന്ദ്രം വിശദീകരണം നല്‍കേണ്ടതുണ്ടെന്നും കബില്‍ സിബല്‍ പറഞ്ഞു. 

ഹര്‍ജികള്‍ മാധ്യമ വാര്‍ത്തകളെ മാത്രം അടിസ്ഥാനമാക്കിയാണെന്ന് കോടതി പ്രതികരിച്ചു. കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്. ഫോണ്‍ ചോര്‍ത്തിയതില്‍ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com