വിവാഹം അടുത്ത മാസം, മിഞ്ചി വാങ്ങാൻ ഇറങ്ങിയ പ്രതിശ്രുത വരനും വധുവും വാഹനാപകടത്തിൽ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 06:47 AM  |  

Last Updated: 05th August 2021 06:47 AM  |   A+A-   |  

COIMBATORE ACCIDENT

പ്രതീകാത്മക ചിത്രം

 

കോയമ്പത്തൂർ; സ്വർണാഭരണം വാങ്ങി മടങ്ങിയ പ്രതിശ്രുത വധൂവരന്മാര്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചു. കോയമ്പത്തൂരാണ് ദാരുണ സംഭവമുണ്ടായത്. കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക(20) എന്നിവരാണ് മരിച്ചത്. അടുത്ത മാസം ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അപകടത്തിൽ പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്ക് പരിക്കേറ്റു. 

മേട്ടുപ്പാളയം അന്നൂര്‍ റോഡില്‍ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമായിരുന്നു അപകടം. ആടിപെരുക്ക് ദിനത്തില്‍ കാൽ വിരലിൽ ധരിക്കുന്ന മിഞ്ചി പ്രിയങ്കയ്ക്ക് സമ്മാനിക്കായി ഇറങ്ങിയതായിരുന്നു ഇവർ.  പ്രിയങ്കയ്ക്ക് കൂട്ടിന് ബന്ധുവായ ചെവ്വന്തിയുമുണ്ടായിരുന്നു. മിഞ്ചിയും മറ്റു സമ്മാനങ്ങളും വാങ്ങിയ ശേഷം വീട്ടിലേക്ക് ബൈക്കില്‍ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടര്‍ന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കില്‍ കയറി. 

പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപത്തുവെച്ചാണ് എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്റെ ബൈക്കുമായി അജിത്തിന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. രണ്ടാഴ്ച മുൻപാണ് പ്രിയങ്കയുടേയും അജിത്തിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്.  സെപ്തംബര്‍ പത്തിനാണ് വിവാഹം തീരുമാനിച്ചിരുന്നത്.