പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ : ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സുപ്രീംകോടതി നിലപാട് കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷകക്ഷികള്‍ക്കും നിര്‍ണായകമാണ്
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം


 
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായുള്ള രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മാധ്യമപ്രവര്‍ത്തകരും എഡിറ്റേഴ്‌സ് ഗില്‍ഡും നല്‍കിയ ഹര്‍ജികളിലാണ് വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ സുപ്രീംകോടതി നിലപാട് കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷകക്ഷികള്‍ക്കും നിര്‍ണായകമാണ്. 

അതിനിടെ, സുപ്രീംകോടതി ജസ്റ്റിസായിരുന്ന അരുണ്‍ മിശ്രയുടെ ഫോണും പെഗാസസിലൂടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. സുപ്രീംകോടതി ജഡ്ജിയായിരിക്കേ 2019 ല്‍ അരുണ്‍ മിശ്ര ഉപയോഗിച്ച ഫോണാണ് പെഗാസസ് ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയത്. 

സുപ്രീം കോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും ചോര്‍ത്തിയെന്നാണ് വിവരം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് മിശ്ര. 2010 മുതല്‍ 2018 വരെ അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന പഴയ രാജസ്ഥാന്‍ നമ്പറാണ് ഇപ്പോള്‍ ദ വയര്‍ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്. 2020 സെപ്റ്റംബറിലാണ് അരുണ്‍ മിശ്ര വിരമിച്ചത്.

മലയാളി അഭിഭാഷകന്‍ ആള്‍ജോ ജോസഫിന്റെ പേരും പട്ടികയിലുണ്ട്. അഗസ്താ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ക്രിസ്ത്യന്‍ മിഷേലിന്റെ അഭിഭാഷകനായിരുന്നു ആള്‍ജോ ജോസഫ്. ബ്രിട്ടീഷ് ഇടനിലക്കാരനായ മിഷേലിനെ 2018ല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com