ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്ളൈ ദുബൈ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 02:37 PM  |  

Last Updated: 06th August 2021 02:37 PM  |   A+A-   |  

Fly Dubai suspends flights from India to UAE

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പ്രമുഖ കമ്പനിയായ ഫ്‌ളൈ ദുബൈ. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, നേപ്പാള്‍, ഉഗാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകളും ഫ്‌ളൈ ദുബൈ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ മറ്റു വിമാന കമ്പനികള്‍ സര്‍വീസ് തുടരും.

കഴിഞ്ഞദിവസമാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ വീണ്ടും അനുമതി നല്‍കിയത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ എയര്‍ അറേബ്യയും എമിറേറ്റ്‌സുമാണ് സര്‍വീസ് നടത്തിയത്. ഇന്നുമുതല്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് പുനരാംരംഭിക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആയിരങ്ങള്‍ക്കാണു ജോലി നഷ്ടപ്പെടുകയോ അത്യാവശ്യ യാത്രകള്‍ മാറ്റി വയ്ക്കുകയോ ചെയ്യേണ്ടി വന്നത്. നിലവില്‍ ഉപാധികളോടെയാണ് ഇന്ത്യക്കാര്‍ക്കു യുഎഇയുടെ യാത്രാനുമതി. താമസ വിസയുള്ളവരും രണ്ട് ഡോസ് വാക്സിന്‍ യുഎഇയില്‍ നിന്ന് എടുത്തിട്ടുള്ളവര്‍ക്കുമാണ് അനുമതി. 

ദുബായ് യാത്രക്കാര്‍ ജിഡിആര്‍എഫ്എ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂര്‍ പ്രാബല്യമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പുറപ്പെടല്‍ വിമാനത്താവളത്തില്‍ നിന്നെടുത്ത റാപിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. റസിഡന്റ്‌സ് വിസയുള്ളവര്‍ക്കു പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വൈകാതെ തന്നെ മറ്റു യാത്രക്കാര്‍ക്കും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു പ്രവാസികള്‍.