ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍ ഇന്ത്യയിലേക്ക്; അനുമതിക്കായി അപേക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 01:12 PM  |  

Last Updated: 06th August 2021 01:12 PM  |   A+A-   |  

Emergency Use Authorization

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കി. തങ്ങളുടെ സിംഗിള്‍ ഡോസ് വാക്‌സിനായ ജാന്‍സെന്നിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ജോണ്‍സണ്‍ കമ്പനി സര്‍ക്കാരിനെ സമീപിച്ചത്.

ഓഗസ്റ്റ് രണ്ടിന് വാക്സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഡ്രഗ്‌സ് കണ്‍ട്രോളറിന് നല്‍കിയ അപേക്ഷ പിന്‍വലിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അന്ന് അപേക്ഷ പിന്‍വലിക്കാനുള്ള കാരണം വ്യക്തമായിരുന്നില്ല. ഇപ്പോള്‍ പെട്ടെന്ന് വീണ്ടും അപേക്ഷ നല്‍കാനുള്ള കാരണവും അറിവായിട്ടില്ല.

ഇന്ത്യയില്‍ ജാന്‍സെന്‍ വാക്സിന്റെ പരീക്ഷണത്തിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഏപ്രിലില്‍ അനുമതി തേടിയിരുന്നു.ഈസമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്് അമേരിക്കയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്.  നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മരുന്ന് കമ്പനികളായ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി കമ്പനികളുമായി  ചര്‍ച്ച തുടരുകയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചത്.