ഐഎസ് ഭീകരനും കൂട്ടാളിയും കർണാടകയിൽ അറസ്റ്റിൽ; പിടിയിലായത് സുപ്രധാന പ്രവർത്തകൻ 

ഐഎസ് ഭീകരനും കൂട്ടാളിയും കർണാടകയിൽ അറസ്റ്റിൽ; പിടിയിലായത് സുപ്രധാന പ്രവർത്തകൻ 
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ബംഗളൂരു: കർണാടകയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. എൻഐഎയും കർണാടക പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഐഎസിന്റെ സുപ്രധാന പ്രവർത്തകനായ അബു ഹാജിർ അൽ ബദ്രി എന്ന ജഫ്രി ജവഹർ ദാമുദിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കർണാടകയിലെ ഭട്കലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അബു ഹാജിർ അൽ ബദ്രിയുടെ പ്രധാന സഹായികളിലൊരാളായ അമീൻ സുഹൈബും പിടിയിലായിട്ടുണ്ട്.  

ഐഎസ് ആശയ പ്രചരണത്തിനുള്ള പ്രതിമാസ ഓൺലൈൻ മാസികയായ 'വോയ്‌സ് ഓഫ് ഹിന്ദ്' പുറത്തിറക്കുന്നതിലുള്ള പങ്ക് വ്യക്തമായതിനേത്തുടർന്ന് ഇയാൾ ഈ വർഷം ഏപ്രിൽ മുതൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിന് പുറമേ ആയുധങ്ങളും സ്ഫോടക വസ്തുക്കളും വാങ്ങൽ, ഭീകരർക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ് എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും ഇയാൾ പിന്തുണ നൽകിയിരുന്നതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലേയും സിറിയയിലെയും ഐഎസ് നേതാക്കളുമായി ഇയാൾ നേരിട്ട് ബന്ധപ്പെട്ടിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും അടക്കമുള്ളവരെ കൊലപ്പെടുത്താനും ക്ഷേത്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാശമുണ്ടാക്കാനും ഇയാൾ സൈബർ അനുയായികളെ പ്രേരിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നതെന്നാണ് സൈബർ ഇടങ്ങളിൽ ഇയാൾ അവകാശപ്പെട്ടത്. ഇന്റലിജൻസ് ഏജൻസികൾ പിടികൂടുന്നത് ഒഴിവാക്കാനുള്ള മുൻ കരുതലുകൾ ഇയാൾ എടുത്തിരുന്നതായാണ് വിവരം. 

ഇയാൾ ഇന്ത്യയിൽ തന്നെ ഉണ്ടായിരിക്കാം എന്ന നിഗമനത്തിലായിരുന്നു സുരക്ഷാ ഏജൻസികൾ. ഈ വിലയിരുത്തലുകളുടേയും കഴിഞ്ഞ മാസം
അറസ്റ്റിലായ ഉമർ നിസാറിന്റെ വെളിപ്പെടുത്തലുകളുടേയും വിദേശ ഏജൻസികളുമായുള്ള ഏകോപനത്തിന്റേയും ഫലമായാണ് രാജ്യത്തെ അന്വേഷണ ഏജൻസികൾ ഇയാളിലേക്ക് എത്തിയത്. അബു ഹാജിർ അൽ ബദ്രി ഭട്കലിൽ നിന്നുള്ള ജഫ്രി ജവഹർ ദാമുദിയാണെന്ന് സുരക്ഷാ ഏജൻസികൾ തിരിച്ചറിയുകയായിരുന്നു. പിന്നാലെയാണ് ഇയാളെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com