ഡെല്‍റ്റക്കെതിരെ വാക്‌സിന്‍ ഫലപ്രദമെന്ന് അവകാശവാദം; അമേരിക്കന്‍ കമ്പനി നോവാവാക്‌സും അടിയന്തര ഉപയോഗത്തിന് അനുമതി തേടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th August 2021 03:09 PM |
Last Updated: 06th August 2021 03:09 PM | A+A A- |

നോവാവാക്‌സ് , ഫയല്‍/ എഎഫ്പി
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി അമേരിക്കന്‍ മരുന്ന് കമ്പനിയായ നോവാവാക്‌സ് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കി. ജൂണില്‍ കോവിഡിനെതിരെ വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നോവാവാക്‌സ് ധാരണയില്‍ എത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സെറമാണ്. ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നി രാജ്യങ്ങളിലും അടിയന്തര ഉപയോഗത്തിന് അനുമതി തേടി നോവാവാക്‌സ് സമീപിച്ചിട്ടുണ്ട്.
കോവോവാക്‌സ് എന്ന പേരിലുള്ള വാക്‌സിന്‍ രണ്ടു ഡോസായാണ് നല്‍കേണ്ടത്. കൊറോണ വൈറസിനെ പൊതിഞ്ഞുള്ള സ്‌പൈക് പ്രോട്ടീന്‍ ലാബില്‍ നിര്‍മ്മിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ജനിതകമായ വിവരങ്ങള്‍ ശരീരത്തിന് കൈമാറി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന രീതിയാണ് ഇതിന്റെ സാങ്കേതികവിദ്യ. സ്‌പൈക് പ്രോട്ടീന്‍ നിര്‍മ്മിച്ചാണ് കോവിഡിനെ വാക്‌സിന്‍ പ്രതിരോധിക്കുന്നത്.
ലോകത്ത് പടര്‍ന്നു കൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദത്തിനെതിരെ ഇത് ഫലപ്രദമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടാം ഡോസ് നല്‍കി ആറുമാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കിയാല്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കും. വൈറസിനെതിരെ പൊരുതുന്ന ആന്റിബോഡികളെ കരുത്തുറ്റത്താക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.