റെയില്‍വേയും 'ഹരിതാഭമാകുന്നു'; ഇനി ഹൈഡ്രജന്‍ ട്രെയിനുകള്‍ 

വായുമലിനീകരണം കുറച്ച് പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു
ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന തരത്തില്‍ പരിഷ്‌കരിക്കാന്‍ തെരഞ്ഞെടുത്ത ഡെമു ട്രെയിന്‍, എഎന്‍ഐ
ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന തരത്തില്‍ പരിഷ്‌കരിക്കാന്‍ തെരഞ്ഞെടുത്ത ഡെമു ട്രെയിന്‍, എഎന്‍ഐ

ന്യൂഡല്‍ഹി: വായുമലിനീകരണം കുറച്ച് പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. ആദ്യഘട്ടമായി ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതികവിദ്യ സജ്ജമാക്കി ഹരിയാനയിലെ ഡെമു ട്രെയിനുകളെ പരിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്.ജിന്ദിനും സോണിപട്ടിനും ഇടയില്‍ ഓടുന്ന ഡെമു ട്രെയിനുകളെയാണ് തെരഞ്ഞെടുത്തത്. 89 കിലോമീറ്ററാണ് ഈ രണ്ടു സ്‌റ്റേഷനുകള്‍ തമ്മിലുള്ള ദൂരം.

ഹരിതഗൃഹവാതകങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിനുകള്‍ ഓടിക്കുന്ന കാര്യം റെയില്‍വേ ആലോചിച്ചത്. വായുമലിനീകരണം തീരെ കുറഞ്ഞ ഇന്ധനമാണ് ഹൈഡ്രജന്‍ ഇന്ധനം. ഡീസല്‍ ജനറേറ്റര്‍ നീക്കം ചെയ്ത് ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ട്രെയിനുകളില്‍ ക്രമീകരിച്ചാണ്് ഇന്ധനമാറ്റം സാധ്യമാക്കുക. ഇതോടെ ഡീസലിന് പകരം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ സാധിക്കും. 

സോളാര്‍ സാങ്കേതികവിദ്യയില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍ അതിനെ ഹരിതോര്‍ജ്ജം എന്നാണ് വിളിക്കുക എന്ന് റെയില്‍വേ എനര്‍ജി മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ സിഇഒ എസ് കെ സക്‌സേന പറഞ്ഞു.ജിന്ദിനും സോണിപട്ടിനും ഇടയില്‍ ഓടുന്ന ഡെമു ട്രെയിനുകളില്‍ ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതികവിദ്യ സജ്ജമാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വെയ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഓള്‍ട്ടര്‍നേറ്റ് ഫ്യൂവല്‍ ബിഡ് ക്ഷണിച്ചു. 

ആദ്യഘട്ട പദ്ധതി വഴി വര്‍ഷം 2.3 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. തുടക്കത്തില്‍ രണ്ട് ഡെമു ട്രെയിനുകളാണ് പരിഷ്‌കരിക്കുക.  രണ്ട് ഹൈബ്രിഡ് ലോക്കോമോട്ടീവ്‌സാണ് ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‌കരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com