വിക്രാന്തിന്റെ ഉള്‍ക്കടലിലെ പരിശോധനകള്‍ വിജയകരം; പ്രതീക്ഷയോടെ രാജ്യം

തദ്ദേശീയമായി ആദ്യം നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണം വിജയകരം
ഐഎന്‍എസ് വിക്രാന്ത്/പിടിഐ
ഐഎന്‍എസ് വിക്രാന്ത്/പിടിഐ

കൊച്ചി: ഇന്ത്യ തദ്ദേശീയമായി ആദ്യം നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണം വിജയകരം. ഉള്‍ക്കടലിലെ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രൊപ്പല്‍ഷന്‍ സംവിധാനം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കി.
അടുത്തവര്‍ഷം പകുതിയോടെ കപ്പല്‍ കമ്മിഷന്‍ ചെയ്യുകയാണ് ലക്ഷ്യം. 

കഴിഞ്ഞ ദിവസമാണ് ഐഎന്‍എസ് വിക്രാന്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചത്.40,000 ടണാണ് ഐഎന്‍എസ് വിക്രാന്തിന്റെ ഭാരം. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യുദ്ധ കപ്പലായ വിക്രാന്തിനോടുള്ള ആദരസൂചകമായി ഇതിന് അതേപേര് തന്നെ നല്‍കുകയായിരുന്നു.  സമുദ്ര പരീക്ഷണങ്ങള്‍ക്ക് ശേഷം ആയുധങ്ങളും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ സംവിധാനങ്ങളും കപ്പലില്‍ ഘടിപ്പിക്കുന്ന ദൗത്യം തുടങ്ങും. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.

രാജ്യത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. സങ്കീര്‍ണമായിരുന്നു ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍. രൂപകല്‍പ്പനയും മറ്റു യുദ്ധക്കപ്പലുകളില്‍ നിന്ന് വിക്രാന്തിനെ വേറിട്ട് നിര്‍ത്തുന്നു. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് വിക്രാന്തിന്റെ വരവെന്ന് നാവികസേന വക്താവ് കമാന്‍ഡര്‍ വിവേക് മാഡ് വാള്‍ പറയുന്നു.

262 മീറ്റര്‍ നീളമുള്ള കപ്പലിന് 62 മീറ്റര്‍ വീതിയുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലാണ് ഇത് നിര്‍മ്മിച്ചത്. ഒരേ സമയം 30 വരെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വഹിക്കാന്‍ ശേഷിയുണ്ട്. ജൂണില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇതിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. മിഗ് 29 കെ യുദ്ധവിമാനങ്ങളാണ് ഇതില്‍ വിന്യസിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com