അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക, അതും സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചുമാത്രം; ഉന്നാവോ പെണ്‍കുട്ടിയോട് കോടതി

അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക, അതും സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചുമാത്രം; ഉന്നാവോ പെണ്‍കുട്ടിയോട് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങാനും ഇറങ്ങുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനും, ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് കോടതി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിക്ക് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഏതാനും ദിവസം മുമ്പ് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു.

പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. പുറത്തു പോവുമ്പോഴെല്ലാം ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. എപ്പോഴും പുറത്തേക്കു പോവേണ്ടതില്ലാത്ത വിധത്തില്‍ യാത്രകള്‍ ആസൂത്രണം ചെയ്യണം. അത്യാവശമാണെങ്കില്‍ മാത്രം പുറത്തിറങ്ങുക. കേസ് തീരുന്നതു വരെ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കോടതി പറഞ്ഞു.

പെണ്‍കുട്ടിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിക്കു പുറത്തേക്കു പോവണമെങ്കില്‍ അവര്‍ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിനെ അറിയിക്കണം. മതിയായ സുരക്ഷ ഒരുക്കാനാണിത്. അഭിഭാഷകനെ കാണാന്‍ പോവുമ്പോഴും നേരത്തെ തീരുമാനിക്കുന്നതാണ് നല്ലതെന്ന് കോടതി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com