അധ്യാപകര്‍ക്കു സ്വകാര്യ ആശുപത്രികളില്‍ സൗജന്യ വാക്‌സിന്‍; സഹകരണം തേടി കേന്ദ്രം

അധ്യാപകര്‍ക്കു സ്വകാര്യ ആശുപത്രികളില്‍ സൗജന്യ വാക്‌സിന്‍; സഹകരണം തേടി കേന്ദ്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കു സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി കേന്ദ്ര സര്‍ക്കാര്‍. കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് അധ്യാപകരെ സൗജന്യമായി വാകാസിനേറ്റ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായാണ് സൂചന.

സര്‍ക്കാരിലും സ്വകാര്യ മേഖലയിലുമായി രാജ്യത്ത് 75 ലക്ഷം സ്‌കൂള്‍ അധ്യാപകരാണ് ഉള്ളത്. ഇതില്‍ ഇരുപതു ശതമാനത്തിനു മാത്രമേ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂവെന്നാണ് കണക്ക്. അധ്യാപകര്‍ക്കു വാക്‌സിന്‍ നല്‍കി സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ്, കമ്പനികളുടെ സിഎസ്ആര്‍ ഉപയോഗിച്ച് ഇവര്‍ക്കു സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയിരിക്കുന്നത്.

ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യന്‍ കമ്പനികളുടെയും സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വാക്‌സിനേഷനുള്ള പണം കണ്ടെത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തുടക്കം എന്ന നിലയില്‍ ആമസോണ്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികളുമായി സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു കൂടിയാലോചന നടത്തിയതായും സൂചനയുണ്ട്. സിഎസ്ആര്‍ ഫണ്ട് കോവിഡ് വാക്‌സിനേഷനു ചെലവഴിക്കാമെന്ന് നേരത്തെ കോര്‍പ്പറേറ്റ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ചെറു പട്ടണങ്ങളിലെ ആശുപത്രികള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പങ്കു വഹിക്കാനാവുകയെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതുവരെ അധ്യാപകരില്‍ നല്ലൊരു പങ്കിനും വേഗത്തില്‍ വാക്‌സിന്‍ നല്‍കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com