'കോവിഡ് പോരാട്ടത്തിന് പുതുശക്തി'; 'വാക്‌സിന്‍ മിക്‌സ്' പഠനത്തിന് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി

കോവിഡ് പ്രതിരോധ രംഗത്ത് നിര്‍ണായകമാകുമെന്ന് കരുതുന്ന വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കല്‍ സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ രംഗത്ത് നിര്‍ണായകമാകുമെന്ന് കരുതുന്ന വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കല്‍ സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ ഓരോ ഡോസ് ചേര്‍ത്തുള്ള വാക്‌സീന്‍ മിക്‌സ് സംബന്ധിച്ചുള്ള പഠനം നടത്താനാണ് ഡിസിജിഐ അനുമതി നല്‍കിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ കോവിഷീല്‍ഡ് -കോവാക്‌സിന്‍ മിക്‌സ് സംബന്ധിച്ചുള്ള പഠനവും 300 വൊളന്റീയര്‍മാരില്‍ ക്ലിനിക്കല്‍ പരീക്ഷണവും നടത്താനുള്ള അനുമതിയുമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഫൈസര്‍ അസ്ട്രാസെനക, സ്പുട്‌നിക് അസ്ട്രാസെനക തുടങ്ങിയവ ചേര്‍ത്തുള്ള പരീക്ഷണം വിദേശത്തും നടക്കുന്നുണ്ട്. വാക്‌സീന്‍ മിക്‌സ് പരീക്ഷണത്തിനു ഡിസിജിഐയ്ക്കു കീഴിലെ വിദഗ്ധ സമിതി കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു.

കോവിഡ് വാക്സിനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദം എന്ന പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോവാക്സിനും കോവിഷീല്‍ഡും കൂട്ടി കലര്‍ത്തുമ്പോള്‍ ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. യുപിയിലെ 18 പേരിലാണ് പഠനം നടത്തിയത്.  60 വയസ്സിനു മേല്‍ പ്രായമുള്ളവരിലായിരുന്നു മേയ്, ജൂണ്‍ മാസങ്ങളിലെ പഠനം.

അഡിനോവൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്സിനും ഇനാക്ടിവേറ്റഡ് വൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്സിനും കൂട്ടികലര്‍ത്തുന്നത് സുരക്ഷിതത്വം മാത്രമല്ല, കൂടുതല്‍ രോഗപ്രതിരോധശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞമാസം ഡ്രഗ്സ് കണ്‍ട്രോളറിന്റെ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. രണ്ട് ഡോസുകള്‍ വ്യത്യസ്തമായി നല്‍കി പരീക്ഷണം നടത്താനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com