അക്ഷയ് കുമാര്‍ ചിത്രം സ്‌പെഷ്യല്‍ 26 കണ്ട് പ്രചോദനം, സിബിഐ ചമഞ്ഞ് വ്യാജ റെയിഡ് നടത്തി യുവാക്കള്‍; ആറ് പേര്‍ അറസ്റ്റില്‍ 

സംഘത്തിലെ രണ്ടുപേർ പൊലീസ് യൂണിഫോമും ധരിച്ച് കൈയിൽ തോക്കുമായാണ് എത്തിയത്  
സ്പെഷ്യൽ 26 പോസ്റ്റർ
സ്പെഷ്യൽ 26 പോസ്റ്റർ

ലഖ്‌നൗ: ബോളിവുഡ് ചിത്രമായ സ്‌പെഷ്യല്‍ 26 മാതൃകയില്‍ വ്യാജ റെയിഡ് നടത്തി യുവാക്കള്‍ രണ്ട് ലക്ഷം രൂപ തട്ടി. മധ്യപ്രദേശിലെ ചത്രപ്പൂര്‍ ഉള്ള വാറ്റുകേന്ദ്രത്തില്‍ സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന എത്തിയാണ് സംഘം പണം തട്ടിയത്. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. 

ജാക്ക് പിന്‍ ബ്രൂവറീസ് ലിമിറ്റഡ് എന്ന ബ്രാന്‍ഡിന്റെ ഓഫീസിലാണ് തട്ടിപ്പുസംഘം എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ എത്തിയ സംഘം സിബിഐ ഓഫീസര്‍മാരാണ് എന്നാണ് അവകാശപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം നടന്ന വ്യാജമദ്യ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയതാണെന്ന് സംഘം പറഞ്ഞു. സംശയം തോന്നാതിരിക്കാന്‍ സംഘത്തിലെ രണ്ടുപേര്‍ പൊലീസ് യൂണിഫോം ധരിച്ചിരുന്നു. കൈയില്‍ തോക്കും കരുതിയിരുന്നു. 

ഉടമയെത്തി റെയ്ഡ് നടത്തുന്നത് എന്തിനാണെന്ന് തിരക്കിയപ്പോള്‍ നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് കൊണ്ടാണ് എന്നായിരുന്നു മറുപടി. നോട്ടീസ് അയച്ചതിന്റെ പകര്‍പ്പ് നല്‍കാന്‍ സംഘം തയ്യാറായില്ല. തന്റേത് രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെന്ന് ഉടമ വാദിച്ചു ഈ സമയം സംഘത്തിലൊരാള്‍ തോക്ക് ചൂണ്ടുകയും ഓഫീസില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുമായി കടക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറും ഇവര്‍ എടുത്തുകൊണ്ടുപോയി. 

കടയുടമ നിഖില്‍ ബന്‍ സാല്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. അക്ഷയ് കുമാര്‍ നായകനായ സ്‌പെഷ്യല്‍ 26 സിനിമ കണ്ടാണ് ഈ ആശയം തോന്നുയതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com