രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയിലേറെ കേരളത്തില്‍: ആരോഗ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 05:45 PM  |  

Last Updated: 10th August 2021 05:45 PM  |   A+A-   |  

covid situation in kerala

ഫയല്‍ ചിത്രം, എക്സ്പ്രസ്

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ രാജ്യത്ത് 28,204 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13,049 പേരും കേരളത്തില്‍ നിന്നാണ്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ പരിശോധനകളുടെ എണ്ണം കുറവായിരുന്നു. അതിനാലാണ് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ പ്രതിദിനം 20,000ല്‍പ്പരം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 13 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് അടുത്തിടെയായി പ്രതിദിനം 30,000നും 40,000നും ഇടയിലാണ് രോഗികളുടെ എണ്ണം. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ ആറംഗ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമല്ല എന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി. പത്തനംതിട്ട ജില്ലയില്‍ രണ്ടാമതും കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്രസംഘത്തെ നയിച്ച എന്‍സിഡിസി ഡയറക്ടര്‍ ഡോ എസ്് കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ രണ്ടാമതും പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു എന്ന വാദം ആരോഗ്യമന്ത്രി തള്ളിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയടക്കം മൂന്ന് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്ന് എസ് കെ സിങ് പറയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് മറ്റു രണ്ടെണ്ണം.  സംസ്ഥാനത്തെ പത്തിലധികം ജില്ലകളില്‍ കോവിഡ് വ്യാപനം തുടരുകയാണ്. മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെ കേരളത്തിലും ഡെല്‍റ്റ വകഭേദമാണ് 80 ശതമാനം കേസുകളിലും കണ്ടെത്തിയതെന്നും ഡോ എസ്് കെ സിങ് മാധ്യമങ്ങളോട് പറയുന്നു.