എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി വേണം: സുപ്രീം കോടതി

കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള ക്രിമിനല്‍ നടപടിച്ചട്ടം 321ാം വകുപ്പ് വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി. നിയമസഭാ, പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതി ജഡ്ജിമാര്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ അതതു പദവികളില്‍ തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള ക്രിമിനല്‍ നടപടിച്ചട്ടം 321ാം വകുപ്പ് വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയുടെ നിര്‍ദേശത്തോടു യോജിച്ചുകൊണ്ടാണ്, ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന് ബെഞ്ച് ഉത്തരവിട്ടത്. 

സാമാജികര്‍ പ്രതികളായ കേസുകളില്‍ വിചാരണ നടത്തുന്ന പ്രത്യേക കോടതി ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ സ്ഥലംമാറ്റരുതെന്ന് ജസ്റ്റിസുമാരായ വിനീത് ശരണ്‍, സൂര്യകാന്ത് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. പ്രത്യേക കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട സാമാജികരെ ആജീവനാന്തം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com