സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക്, യുവാവ് പാലത്തിന്റെ തൂണില്‍ പിടിച്ച് കിടന്നത് എട്ടുമണിക്കൂര്‍; അതിജീവനം 

തമിഴ്‌നാട്ടില്‍ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി പുഴയില്‍ വീണ 30കാരന്‍ രക്ഷയ്ക്കായി മുറവിളി കൂട്ടിയത് എട്ടുമണിക്കൂര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി പുഴയില്‍ വീണ 30കാരന്‍ രക്ഷയ്ക്കായി മുറവിളി കൂട്ടിയത് എട്ടുമണിക്കൂര്‍. പാലത്തിന്റെ കൈവരിയിലേക്ക് ചാഞ്ഞുനിന്ന് സെല്‍ഫി എടുക്കുന്നതിനിടെ മൊബൈല്‍ കൈയില്‍ നിന്ന് വീണു. മൊബൈല്‍ പിടിക്കാനുള്ള ശ്രമത്തിനിടെ, 30കാരന്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. പാലത്തിന്റെ തൂണില്‍ പിടിച്ച് മണിക്കൂറുകളോളമാണ് രക്ഷയും കാത്ത് യുവാവ് കിടന്നത്.

ചെന്നൈ അണ്ണാ സ്‌ക്വയറിലെ നേപ്പിയര്‍ പാലത്തില്‍ ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. രാവിലെ ആറുമണിക്ക് വഴിയാത്രക്കാരാണ് സഹായത്തിന് വേണ്ടിയുള്ള യുവാവിന്റെ കരച്ചില്‍ കേട്ടത്. കഴുത്തോളം വെള്ളത്തില്‍ തൂണില്‍ പിടിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവാവ്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കയറിട്ട് കൊടുത്ത് യുവാവിനെ രക്ഷിക്കുകയായിരുന്നു.

30 വയസുകാരനായ കാര്‍ത്തിക്കാണ് അബദ്ധത്തില്‍ വീണത്. എട്ടുമണിക്കൂറോളമാണ് പാലത്തിന്റെ തൂണില്‍ പിടിച്ചുകിടന്നത്. രാത്രിയായത് കൊണ്ട് യുവാവിന്റെ കരച്ചില്‍ ആരും കേട്ടില്ല. രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശ്രൂശ്രൂഷ നല്‍കിയ ശേഷം യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോയി. സെല്‍ഫി ചിത്രത്തിന്റെ പശ്ചാത്തലം കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൊബൈല്‍ വീണുപോയത്. ഇത് പിടിക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പുഴയില്‍ വീണതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com