മരിച്ചിട്ട് മൂന്ന് ദിവസം; മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍! സംസ്‌കാരം നടത്താന്‍ പണമില്ലെന്ന് മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 10:39 AM  |  

Last Updated: 13th August 2021 10:39 AM  |   A+A-   |  

93 Year Old Man's Body Found In Fridge

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ്: സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാല്‍ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് 23കാരന്‍. തെലങ്കാനയിലെ വാറങ്കലിലുള്ള പര്‍കലയിലാണ് ഞെട്ടിക്കുന്ന സംഭവം. 

ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തില്‍ ഫ്രിഡ്ജില്‍ നിന്ന് അഴുകിയ നിലയില്‍ 93കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച മുത്തച്ഛനും കൊച്ചുമകനായ 23കാരന്‍ നിഖിലും വാടയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. മുത്തച്ഛന്റെ പെന്‍ഷന്‍ തുകയിലാണ് ഇരുവരും ജീവിച്ചു പോന്നത്. കിടപ്പിലായ മുത്തച്ഛന്‍ മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചതെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു. മരണ ശേഷം ഇദ്ദേഹത്തിന്റെ മൃതശരീരം കൊച്ചുമകന്‍ ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കുകയായിരുന്നു. 

സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്‌തെന്ന് 23കാരനായ നിഖില്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. പെന്‍ഷന്‍ തുക മുടങ്ങാതിരിക്കാനാണോ നിഖില്‍ ഇപ്രകാരം ചെയ്‌തെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു.