സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, അരയ്ക്ക് താഴെ തളര്‍ന്ന് യുവതി; പ്രതി ഭര്‍ത്താവായതിനാല്‍ പരാതി നിലനില്‍ക്കില്ലെന്ന് കോടതി 

കുറ്റാരോപിതന്‍ യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: താത്പര്യമില്ലാതെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന യുവതിയുടെ വാദത്തിന് നിയമസാധുതയില്ലെന്ന് കോടതി. കുറ്റാരോപിതന്‍ യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസില്‍ വിധിപറഞ്ഞത്. 

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്.  വിവാഹശേഷം ഭര്‍ത്താവും കുടുംബവും തനിക്കുമേല്‍ നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ തുടങ്ങിയെന്നും പണം ആവശ്യപ്പെടുകയായിരുന്നെന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ ഒരുമാസത്തിനുശേഷം തന്റെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് യുവതി ആരോപിച്ചു. 

ഈ വര്‍ഷം ആദ്യം മുംബൈയിലെ മഹാബലേശ്വര്‍ സന്ദര്‍ശിച്ചശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയെന്നും ഡോക്ടറെ സമീപിച്ചപ്പോള്‍ അരക്കെട്ടിന് താഴേക്ക് തളര്‍ന്നതായി കണ്ടെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് മുംബൈ പൊലീസില്‍ പരാതി നല്‍കിയതും. പരാതിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. 

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നതിന് നിയമ സാധുത ഇല്ല. പെണ്‍കുട്ടിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ ദൗര്‍ഭാഗ്യകരമാണെങ്കിലും അതിനും ഭര്‍ത്താവിന്റെ കുടുംബത്തെ കാരണക്കാരായി കരുതാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പരാതിയുടെ സ്വഭാവം പരിശോധിക്കുമ്പോള്‍ യുവാവിനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണത്തിന് അവര്‍ തയ്യാറാണെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com