ഡെല്‍റ്റ പ്ലസ് ബാധിച്ച് 63കാരി മരിച്ചു; മുംബൈയില്‍ ആദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 11:04 AM  |  

Last Updated: 13th August 2021 11:04 AM  |   A+A-   |  

Covid variant

പ്രതീകാത്മക ചിത്രം

 

മുംബൈ: കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് മുംബൈയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനാണ് മരണം സ്ഥിരീകരിച്ചത്. 63കാരിയാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 

രണ്ട് ഡോസ് വാക്‌സിനെടുത്ത സ്ത്രീയാണ് മരിച്ചത്. 63കാരി പുറത്തൊന്നും അധികം യാത്ര ചെയ്തിട്ടുമില്ല. കഴിഞ്ഞ മാസം അവസാനമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് ഡെല്‍റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയത്. ഇവര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 

ജൂലൈ 21നാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 27ന് മരിച്ചു. കൂടുതല്‍ പരിശോധന നടത്തിയ ശേഷമാണ് ഡെല്‍റ്റ പ്ലസ് ബാധിച്ചാണ് ഇവരുടെ മരണമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചത്. 

അതിനിടെ ഇവരുടെ കുടുംബത്തിലെ ആറ് പേര്‍ക്കും ഡെല്‍റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില തൃപ്തികരമാണ്.