'ട്വിറ്റര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല ;  ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റം' ; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 11:19 AM  |  

Last Updated: 13th August 2021 11:19 AM  |   A+A-   |  

rahul gandhi criticises twitter

രാഹുല്‍ഗാന്ധി / വീഡിയോ ദൃശ്യം

 

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത ട്വിറ്റര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്റര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ട്വിറ്ററിന് നിഷ്പക്ഷത നഷ്ടമായി. ഭരിക്കുന്നവരുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 

ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നില്ല. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് അപകടകരമാണ്. ഇത് രാഹുല്‍ഗാന്ധിക്ക് നേരെയുള്ള ആക്രമണമല്ല, ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ട്വിറ്ററിന്റെ അപകടകരമായ കളി എന്ന പേരില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാഹുലിന്റെ വിമര്‍ശനം.

ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായി മരിച്ച ഒമ്പതു വയസ്സുകാരിയുടെ വീട്ടില്‍ പോയശേഷം, ആ കുട്ടിയുടെ മാതാപിതാക്കളുമായി ചര്‍ച്ച നടത്തുന്ന ചിത്രം രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ, ട്വിറ്റര്‍ ചിത്രം നീക്കുകയും, രാഹുലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെ കെ സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളും ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. ട്വിറ്റര്‍ നിയമം ലംഘിച്ചതുകൊണ്ടാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്ന് ട്വിറ്റര്‍ അധികൃതര്‍ വിശദീകരിക്കുന്നു.