വിവാഹാഭ്യര്‍ഥന നിരസിച്ചു, കാറിനകത്ത് സ്വയം തീകൊളുത്തി യുവാവ്; 22കാരി കത്തിക്കരിഞ്ഞ നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 10:29 PM  |  

Last Updated: 14th August 2021 10:29 PM  |   A+A-   |  

car caught fire

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാറിനകത്ത് വച്ച് സ്വയം തീകൊളുത്തി. കാറിനകത്ത് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന 22കാരി പൊള്ളലേറ്റ് മരിച്ചതായി പൊലീസ് പറയുന്നു. ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. 

ചാമരാജനഗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിനകത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സാണ് കാഞ്ചന. ശ്രീനിവാസ് കാബ് ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു. 

വെള്ളിയാഴ്ച ഗ്രാമത്തില്‍ ഇറക്കാമെന്ന് പറഞ്ഞ് ശ്രീനിവാസ് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാഗ്ദാനം സ്വീകരിച്ച് കാറില്‍ കയറിയ കാഞ്ചനയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.