പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍; പ്രതിപക്ഷ പ്രതിഷേധം പരാമര്‍ശിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സ്വാതന്ത്ര്യദിന സന്ദേശം
രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു/ട്വിറ്റര്‍
രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു/ട്വിറ്റര്‍


ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ജനങ്ങളുടെ നന്‍മയെച്ചൊല്ലിയുള്ള വിഷയങ്ങളില്‍ ഏറ്റവും ഉന്നതമായ സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാര്‍ലമെന്റ് എന്ന് അദ്ദേഹം പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ ന്യായീകരിക്കുന്ന പ്രതികരണവും അദ്ദേഹം അഭിസംബോധനയില്‍ ചേര്‍ത്തു. സര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്താന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം രാജ്യത്തെ ഓര്‍മ്മിപ്പിച്ചു. ഒളിമ്പിക് ജേതാക്കളെ അഭിനന്ദിച്ച രാഷ്ട്രപതി, ടോക്യോ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയ നേട്ടമാണ് കായികതാരങ്ങള്‍ നേടിയതെന്നും പറഞ്ഞു.
രാജ്യത്ത് 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com