പ്രിലിമിനറി പാസാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം; വനിതാ ശാക്തീകരണത്തിന് ആനുകൂല്യം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍ 

സര്‍ക്കാര്‍ സര്‍വീസിലേക്ക് വനിതകളെ കൂടുതലായി അടുപ്പിക്കുന്നതിന്  ആനുകൂല്യം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: സര്‍ക്കാര്‍ സര്‍വീസിലേക്ക് വനിതകളെ കൂടുതലായി അടുപ്പിക്കുന്നതിന്  ആനുകൂല്യം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെയും ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെയും സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രാഥമിക ഘട്ടം പാസാകുന്ന വനിതകള്‍ക്ക്  പ്രോത്സാഹന സമ്മാനം നല്‍കുമെന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. പ്രിലിമിനറി പരീക്ഷ പാസായി മെയ്ന്‍ പരീക്ഷയ്ക്കും അഭിമുഖത്തിനുമായി തയ്യാറെടുപ്പുകള്‍ നടത്തുന്ന വനിതാ ഉദ്യോഗാര്‍ഥിനികള്‍ക്കായാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

നേരത്തെ പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതാണ് എല്ലാ വനിതാ ഉദ്യോഗാര്‍ഥികള്‍ക്കും ആനുകൂല്യം ലഭിക്കുന്ന വിധം  വിപുലമാക്കിയത്. സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ ഘട്ടം പാസാകുന്ന വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് 50,000 രൂപ വീതവും യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി പാസാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് പ്രോത്സാഹന സമ്മാനമായി നല്‍കുക എന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കേന്ദ്രസര്‍വീസില്‍ ഏറ്റവുമധികം പേര്‍ യോഗ്യത നേടുന്നത് ബിഹാറില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com