വിവാഹിതയായ സ്ത്രീ മറ്റു പുരുഷനൊത്തു താമസിക്കുന്നതു നിയമ വിരുദ്ധം: ഹൈക്കോടതി

വിവാഹിതയായ സ്ത്രീ മറ്റു പുരുഷനൊത്തു താമസിക്കുന്നതു നിയമ വിരുദ്ധം: ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പൊലീസ് സംരക്ഷണം തേടി മുപ്പതുകാരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ ഉത്തരവ്.

ജുന്‍ജുനു ജില്ലയിലെ മുപ്പതുകാരിയും ഇരുപത്തിയേഴുകാരനുമാണ് പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. വിവാഹിതയായ മുപ്പതുകാരി ഭര്‍ത്താവില്‍നിന്ന് അകന്നുകഴിയുകയാണ്. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും അതിനാലാണ് അകന്നുകഴിയുന്നതെന്നും യുവതി പറഞ്ഞു. ഹര്‍ജി നല്‍കിയ രണ്ടു പേരും പ്രായപൂര്‍ത്തിയായവരാണെന്നും ഒരുമിച്ചു കഴിയുകയാണെന്നും കോടതിയെ അറിയിച്ചു. 

എന്നാല്‍ യുവതി വിവാഹ മോചനം നേടിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വാദം തള്ളുകയായിരുന്നു. യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടിയിട്ടില്ലാതെ ഇവര്‍ മറ്റൊരാളൊത്തു താമസിക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. സമാനമായ കേസില്‍ അടുത്തിടെ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കോടതി എടുത്തു പറഞ്ഞു. പൊലീസ് സംരക്ഷണം തേടി, ഒരുമിച്ചു താമസിക്കുന്ന യുവതിയും യുവാവും നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com