കോവിഡ് ബാധിച്ച് 109 ദിവസം വെന്റിലേറ്ററില്‍, മിനിറ്റില്‍ പത്തുലിറ്റര്‍ ഓക്‌സിജന്‍; 56കാരന്‍ പുതുജീവിതത്തിലേക്ക്, എക്‌മോ ചികിത്സയ്ക്ക് ഒരു മാസം ചെലവഴിച്ചത് 40 ലക്ഷം രൂപ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 10:43 AM  |  

Last Updated: 20th August 2021 10:47 AM  |   A+A-   |  

COVID UPDATES INDIA

പ്രതീകാത്മക ചിത്രം

 

ചെന്നൈ: കോവിഡ് ബാധിച്ച് 109 ദിവസം വെന്റിലേറ്ററില്‍ കിടന്ന 56കാരന് പുതുജീവന്‍. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിന് സാരമായ തകരാര്‍ സംഭവിച്ച തമിഴ്‌നാട് സ്വദേശിയാണ് ജീവിതത്തിലേക്ക് തിരികെ കയറിയത്. ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാതെ കൂടുതല്‍ കാലം എക്‌മോ ചികിത്സയില്‍ കഴിഞ്ഞ് രോഗമുക്തി നേടിയ ആദ്യ രോഗിയാണ് മുഹമ്മദ് മുദ്ധിജ.

ഏപ്രിലിലാണ് മുഹമ്മദിന് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയില്‍ ശ്വാസകോശത്തിന് സാരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ചെന്നൈയിലെ റില ആശുപത്രിയിലായിരുന്നു ചികിത്സ. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുഹമ്മദിന് എക്‌മോ ചികിത്സ നല്‍കുകയായിരുന്നു. മിനിറ്റില്‍ പത്തുലിറ്റര്‍ ഓക്‌സിജനാണ് നല്‍കിയത്. 

നാലാഴ്ച കാലം ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തുനിന്നു. അതിനിടെ കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയതോടെ ശ്വാസകോശത്തിന് ദാതാവിനെ കിട്ടാതെ വന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടില്ല. എക്‌മോ ചികിത്സ ഒന്‍പത് ആഴ്ച തുടര്‍ന്നതോടെ 56കാരന്‍ ജീവിതത്തിലേക്ക് പിടിച്ചുകയറുകയായിരുന്നു.

ഇത് തന്റെ രണ്ടാമത്തെ ജന്മമാണെന്ന് മുഹമ്മദ്  പറഞ്ഞു. 109 ദിവസം വെന്റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ആശുപത്രി വിടുന്നത്. മുഹമ്മദിന്റെ മനോബലമാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ അദ്ദേഹത്തിന് കരുത്തുപകര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബിസിനസുകാരനായ മുഹമ്മദിന് 40 ലക്ഷം രൂപയാണ് ഒരു മാസം എക്‌മോ ചികിത്സയ്ക്കായി വേണ്ടിവന്നത്.